ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന പാര്‍ട്ടികള്‍ നേതൃത്വത്തിനുണ്ടായ ഗുരുതര വീഴ്ച; ബോറിസിന്റെ രാജി ആവശ്യം ശക്തം

പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കനത്ത തിരിച്ചടിയേകി സ്യൂ ഗ്രേയുടെ അന്വേഷണ റിപ്പോര്‍ട്ട്‌ പുറത്ത് വന്നു. രാജ്യവും ജനങ്ങളും കര്‍ശനമായ ലോക്ക്ഡൗണിലായിരുന്നപ്പോള്‍ ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന പാര്‍ട്ടികള്‍, നേതൃത്വത്തിനുണ്ടായ ഗുരുതര വീഴ്ചയാണ് വ്യക്തമാക്കുന്നതെന്ന് സ്യൂ ഗ്രേ അന്വേഷണ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നടന്ന 16 പാര്‍ട്ടികള്‍ തന്റെ അന്വേഷണ പരിധിയില്‍ വന്നിട്ടുണ്ടെന്നും അതില്‍ 12 എണ്ണം ഇപ്പോള്‍ മെറ്റ് പോലീസ് അന്വേഷിക്കുകയാണെന്നും സ്യൂ ഗ്രേ വെളിപ്പെടുത്തി.

സര്‍ക്കാര്‍ മന്ദിരങ്ങളില്‍ നടന്ന അമിത മദ്യപാനവും സ്യൂ ഗ്രേ ചൂണ്ടിക്കാട്ടി. 2021 ഏപ്രില്‍ 16നു രാത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ സാമൂഹിക നിയന്ത്രണം ലംഘിച്ച് രണ്ടു മദ്യസല്‍ക്കാരം നടന്നു. പാര്‍ട്ടിയില്‍ പ​ങ്കെടുത്ത ജീവനക്കാര്‍ സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സൂട്ട്കേസ് നിറയെ മദ്യം വാങ്ങിയിരുന്നു. ഗ്രെ അന്വേഷണ കമ്മീഷന്റെ റിപ്പോട്ടിൽ പറയുന്നു.

ബോറിസ് ജോണ്‍സണെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടില്‍. ഇതോടെ പ്രധാനമന്ത്രിയുടെ രാജിക്ക് സാധ്യതയേറുകയാണ്. രാജി വെച്ച് ഒഴിയുക എന്നതാണ് പ്രധാനമന്ത്രിക്ക് ഇനി ചെയ്യാന്‍ പറ്റുന്ന മാന്യമായ കാര്യമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാര്‍മര്‍ തുറന്നടിച്ചു. ജോണ്‍സന് നേരത്തെ പിന്തുണ നല്‍കിയ ടോറി പാര്‍ട്ടിയിലെ എംപിമാര്‍ വരെ റിപ്പോര്‍ട്ട്‌ പുറത്തു വന്നതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ തിരിഞ്ഞു.

അതെ സമയം അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അംഗീകരിക്കുന്നുവെന്നും വിഷയം കൈകാര്യം ചെയ്തതില്‍ തെറ്റ് പറ്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട്‌ പുറത്തുവന്നതിന് പിന്നാലെയാണ് ജോണ്‍സന്റെ മാപ്പുപറച്ചില്‍.

ബോറിസിന്റെ സ്ഥാനം തെറിച്ചാല്‍ ടോറി നേതൃത്വത്തിനായി പോരാട്ടം തുടങ്ങും. ഈ ഘട്ടത്തില്‍ ഒരു മുഴം മുന്‍പെ പ്രചരണപരിപാടികള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ റിഷി സുനാക് ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതിനുള്ള ഡമ്മി വെബ്‌സൈറ്റ് പോലും തയ്യാറായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.