യുദ്ധം കടുപ്പിക്കാൻ റഷ്യ; 20 ലക്ഷം റിസർവ് സൈന്യത്തെ സജ്ജമാക്കി

യുക്രൈനെതിരായ യുദ്ധം കടുപ്പിക്കാൻ ഒരുങ്ങി റഷ്യ. റഷ്യയെയും അതിന്‍റെ അതിർത്തി പ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനായി ഏകദേശം രണ്ട് ദശലക്ഷം റിസർവ് സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് വ്‌ളാഡിമിർ പുടിൻ പറഞ്ഞു.റഷ്യയുടെ പ്രതിരോധത്തിന് വേണ്ടി ഇരുപതുലക്ഷത്തോളം റിസർവ് സൈന്യത്തെ സ‍ജ്ജമാക്കിയതായി പുടിൻ അറിയിച്ചു. ടെലിവിഷനിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെയായിരുന്നു പുടിന്റെ പ്രഖ്യാപനം. ഇതോടെ ഒരു വിഭാഗം റഷ്യൻ പൗരന്മാർക്ക് സൈനിക സേവനം നിർബന്ധമാകും.

രണ്ടാം ലോക യുദ്ധത്തിന് ശേഷമുളള ആദ്യ നടപടിയാണിത്. മൂന്നു ലക്ഷം പേരാണ് സൈന്യത്തിലേക്ക് പുതുതായി ചേരുക. റഷ്യയുടെ പരമാധികാരം ചോദ്യം ചെയ്യപ്പെട്ടാൽ ഏത് മാർഗവും സ്വീകരിച്ച് അതിനെ ചെറുക്കുമെന്നും പുടിൻ വ്യക്തമാക്കി. റഷ്യയ്ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ആണവ ഭീഷണി നടത്തുകയാണ്, ഭോഷ്ക് പറയുകയല്ല, മറുപടി നൽകാൻ ഇനിയും ഏറെ ആയുധങ്ങൾ കയ്യിലുണ്ടെന്നും പുടിൻ പറഞ്ഞു. യുക്രെയ്നിലെ ഡോൺബാസ് കീഴടക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.

തെക്കുകിഴക്കൻ യുക്രെയ്ൻ മേഖലകളിൽ ഹിതപരിശോധന നടത്താൻ റഷ്യ ഒരുങ്ങുന്നതിനൊപ്പമാണ് പുതിയ നീക്കം എന്നതും ശ്രദ്ധേയമാണ്. റഷ്യയുടെ ഭാഗമാകണോയെന്ന് തീരുമാനിക്കാൻ നടത്തുന്ന ഹിതപരിശോധന വെളളി മുതൽ ചൊവ്വ വരെ നടത്തുമെന്ന് ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഖേഴ്സൻ, സാപൊറീഷ്യ മേഖലകളാണ് പ്രഖ്യാപിച്ചത്.