ജനസംഖ്യനിരക്ക് വർധിപ്പിക്കാൻ റഷ്യ; ‘മിനിസ്ട്രി ഓഫ് സെക്‌സ്’ രൂപീകരിക്കാനും നീക്കം

രാജ്യത്തെ ജനന നിരക്കില്‍ വന്‍ ഇടിവുണ്ടായതോടെ ‘സെക്‌സ് മന്ത്രാലയം’ സ്ഥാപിച്ച് പ്രതിവിധി കാണാനൊരുങ്ങി റഷ്യ. തിരക്കാണെങ്കിലും പങ്കാളിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സമയം കണ്ടെത്തണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സെക്‌സ് മിനിസ്ട്രി സ്ഥാപിക്കാനുള്ള നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. കുടുംബ സംരക്ഷണം, പിതൃത്വം, മാതൃത്വം, കുട്ടികളുടെ ജീവിതം എന്നിവയുമായി ബന്ധപ്പെട്ട റഷ്യൻ പാർലമെന്റ് കമ്മിറ്റിയുടെ ചെയർപേഴ്‌സണും പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വിശ്വസ്തയുമായ നിന ഒസ്താനിനയാണ് നീക്കത്തിന് പിന്നില്‍‍ എന്ന് സൂചനകൾ ഉണ്ട്.

രാത്രി 10 മുതല്‍ പുലർച്ചെ രണ്ട് വരെ ഇന്റർനെറ്റും വൈദ്യുതിയും വിച്ഛേദിക്കുക എന്നതാണ് മുന്നോട്ടുവെച്ചിരിക്കുന്ന ഒരാശയം. ഇതിലൂടെ പങ്കാളികള്‍ക്ക് കൂടുതല്‍ സമയം ഒരുമിച്ച് കണ്ടെത്താൻ സാധിക്കുമെന്നാണ് വിലയിരുത്തല്‍.കുട്ടികളെ പരിപാലിക്കുന്നതിനായി വീടുകളില്‍ തുടരുന്നതിന് സ്ത്രീകള്‍ക്ക് പണം നല്‍കുക, ആദ്യ ഡേറ്റിങ്ങിന് 5000 റൂബിള്‍ വരെ ധനസഹായം നല്‍കുക, വിവാഹദിനം രാത്രി പ്രമുഖ ഹോട്ടലുകളില്‍ ചിലവഴിക്കാന്‍ സാമ്പത്തിക സഹായം ഉറപ്പാക്കുക തുടങ്ങിയ വിവിധ നിര്‍ദേശങ്ങളാണ് സര്‍ക്കാരിന് ലഭിച്ചത്. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതുപ്രകാരം ജനസംഖ്യവർധനവിന്റെ ചുമതല ലൈംഗിക മന്ത്രാലയത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യം ഉയർന്നത് ഗ്ലാവ്പിആർ ഏജൻസി നടത്തിയ ഒരു സർവേയില്‍ നിന്നാണ്.

2022ല്‍ യുക്രൈനുമായി യുദ്ധം ആരംഭിച്ചത് മുതല്‍ നിരവധി പേര്‍ക്കാണ് റഷ്യയില്‍ ജീവന്‍ നഷ്ടമായത്. എന്നാല്‍ ജനനനിരക്ക് ഉയരുന്നില്ലെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.

https://twitter.com/firstpost/status/1856402832984777052