റഷ്യ യുക്രൈനിൽ സൈനിക നടപടി തുടങ്ങിയശേഷം 30 ലക്ഷം പേർ പലായനം ചെയ്‌തെന്ന് യു എൻ

റഷ്യ യുക്രൈനിൽ സൈനിക നടപടി തുടങ്ങിയശേഷം 30 ലക്ഷം പേർ പലായനം ചെയ്‌തെന്നാണ്‌ യുഎൻ കണക്ക്‌. എന്നാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ വ്യത്യസ്തങ്ങളായ അവകാശവാദങ്ങളാണ്‌ ഉയരുന്നത്‌. യുക്രൈനിൽ 7000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നും 14,000 സൈനികർക്ക്‌ പരിക്കേറ്റെന്നുമാണ് യുഎസ് നിലപാട്. (ഇറാഖില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്)

അതെ സമയം മാർച്ച്‌ രണ്ടിന്‌ റഷ്യ അവസാനമായി പുറത്തുവിട്ട കണക്കിൽ 498 സൈനികർ കൊല്ലപ്പെട്ടതായും 1597 പേർക്ക്‌ പരിക്കേറ്റതായും പറയുന്നു. 2870 ഉക്രയ്‌ൻ സൈനികർ കൊല്ലപ്പെട്ടതായും 3700 പേർക്ക്‌ പരിക്കേറ്റെന്നും 572 പേർ പിടിയിലായതായും റഷ്യ അറിയിച്ചു. 700 സാധരണക്കാർ കൊല്ലപ്പെട്ടെന്നാണ്‌ യുഎൻ കണക്ക്‌. എന്നാൽ, മരിയൂപോളിലും ഖർകിവിലുംമാത്രം 3000 പേർ കൊല്ലപ്പെട്ടെന്നാണ്‌ യുക്രൈന്റെ അവകാശവാദം.

അതെ സമയം യുദ്ധം തുടരുന്നതിനിടെ സംഘർഷം രൂക്ഷമായ മരിയൂപോളിൽ ആയിരത്തോളം പേർ അഭയം തേടിയ തിയറ്ററിൽ റഷ്യ ബോംബ്‌ ആക്രമണം നടത്തിയെന്ന്‌ യുക്രൈൻ. ആളപായമുള്ളതായി വിവരമില്ല. വംശഹത്യയാണ്‌ റഷ്യ നടത്തുന്നതെന്ന്‌ മരിയൂപോൾ മേയർ പറഞ്ഞു. 500,000 പേർ ഉണ്ടായിരുന്ന നഗരത്തിൽ ദിവസങ്ങളായി റഷ്യ ബോംബ്‌ ആക്രമണം നടത്തിയിരുന്നു.