മൂന്നാം ലോകമഹായുദ്ധമുണ്ടായാൽ ആണവായുധം ഉപയോഗിച്ചേക്കാമെന്ന മുന്നറിയിപ്പിന് പിന്നാലെ യുദ്ധം യൂറോപ്പിൽ മാത്രം ഒതുങ്ങില്ലെന്ന താക്കീതുമായി റഷ്യ. യു എസിനെ ലക്‌ഷ്യം വെച്ചാണ് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിന്റെ പ്രതികരണം. ആഗസ്റ്റ് 6 ന് റഷ്യയുടെ പടിഞ്ഞാറൻ കുർസ്ക് മേഖലയെ ഉക്രെയ്ൻ ആക്രമിച്ചിരുന്നു , രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം റഷ്യയിൽ നടന്ന ഏറ്റവും വലിയ വിദേശ ആക്രമണത്തിൽ ഒന്നായിരുന്നു അത്. അതെ സമയം കുർസ്‌ക് മേഖലയിലെ സംഘർഷത്തിന് ശക്തമായ മറുപടി നൽകും എന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. ഇതിനു പിന്നാലെ ആണ് 20 വർഷമായി പുടിൻ മന്ത്രിസഭയിൽ വിദേശ കാര്യാ മന്ത്രി ആയി പ്രവർത്തിക്കുന്ന സെർജിയുടെ പ്രതികരണം.
ബ്രിട്ടീഷ് ടാങ്കുകളും യുഎസ് റോക്കറ്റ് സംവിധാനങ്ങളും ഉൾപ്പെടെയുള്ള പാശ്ചാത്യ ആയുധങ്ങൾ യുക്രൈൻ കുർസ്കിൽ ഉപയോഗിച്ചതായി റഷ്യ ആരോപിച്ചു. കുർസ്കിലെ പാലങ്ങൾ തകർക്കാൻ അമേരിക്കയുടെ മിസൈലുകൾ ഉപയോഗിച്ചതായി യുക്രൈൻ തന്നെ സമ്മതിച്ചതായും റഷ്യ ആരോപിച്ചു. എന്നാൽ യുക്രൈന്‍റെ കുർസ്ക് പദ്ധതികളെ കുറിച്ച് അറിവില്ലായിരുന്നുവെന്നും ഈ ഓപ്പറേഷനിൽ തങ്ങൾ പങ്കെടുത്തിട്ടില്ലെന്നുമാണ് അമേരിക്കയുടെ വിശദീകരണം.
അതെ സമയം ഉക്രൈനും റഷ്യയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും ചേർന്ന് പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉക്രൈനും റഷ്യയും തമ്മിൽ നിലനിൽക്കുന്ന സംഘർഷം പരിഹരിച്ച് സമാധാനം പുനസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളിലും സഹായിക്കാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കീവിൽ ഉക്രേനിയൻ പ്രസിഡൻ്റ് വ്ളോഡമിർ സെലെൻസ്‌കിയുമായി നടത്തിയ ചർച്ചയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.






