ഒറ്റ ദിവസം 81 പേര്‍ക്ക് വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. കൊലപാതകം, തീവ്രവാദ പ്രവര്‍ത്തനം തുടങ്ങിയവ ആരോപിച്ച് ശിക്ഷിക്കപ്പെട്ടവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. സമീപകാലത്തെ ഏറ്റവും വലിയ കൂട്ട വധശിക്ഷ നടപ്പാക്കലാണിത്. 81 പേരില്‍ 73 പേര്‍ സൗദി പൗരന്മാരും ഏഴ് പേര്‍ യെമനികളും ഒരാള്‍ സിറിയന്‍ പൗരനുമാണ്. സൗദി അറേബ്യയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ്, അല്‍ഖാഇദ എന്നീ ഭീകര സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനും കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിയതിനും 81 പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പൊലീസ് വാഹനങ്ങള്‍ക്ക് നേരെ മൈനിങ്ങ് ഉപയോഗിച്ച് ആക്രമണം നടത്തിയവരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചവരും വധശിക്ഷ ലഭിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു. അതെ സമയം പ്രതികള്‍ക്ക് നിയമപ്രകാരമുള്ള എല്ലാ അവകാശങ്ങളും അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള അവകാശവും നല്‍കിയിരുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ ചൂണ്ടി കാണിക്കുന്നു . നിരവധി ഹീനമായ കുറ്റകൃത്യങ്ങളില്‍ ഇവര്‍ പങ്കാളികളാണെന്ന് കണ്ടെത്തിയതായും നിരപരാധികളായ സാധാരണ പൗരന്മാരേയും നിയമപാലകരേയും കൊലപ്പെടുത്തിയതായി തെളിഞ്ഞുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.