ആദ്യ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍; ലങ്കയെ ഇനി അനുര കുമാര ദിസനായകെ നയിക്കും

ശ്രീലങ്കയിലെ ആദ്യ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി. പ്രസിഡന്റായി അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്തു. കൊളംബോയിലെ പ്രസിഡന്‍ഷ്യല്‍ സെക്രട്ടറിയേറ്റില്‍ ലളിതമായായിരുന്നു ചടങ്ങുകള്‍ നടന്നത്. ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. അഴിമതിക്കെതിരെ പോരാടുമെന്നും സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ കരകയറ്റുമെന്നും അനുര പറഞ്ഞു. സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ ചരിത്ര ജയം.

ശ്രീലങ്കന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സ്ഥാനാര്‍ഥിക്കും കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാം മുന്‍ഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവായിരുന്ന സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തെത്തി. റെനില്‍ വിക്രമസിംഗ ആദ്യറൗണ്ടില്‍ തന്നെ പുറത്തായി.

1988ല്‍ സോഷ്യല്‍ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ദേശീയ സംഘാടകനെന്ന നിലയില്‍ ആരംഭിച്ച് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടതാണ് ദിസനായകെയുടെ രാഷ്ട്രീയ ജീവിതം. 2001-ലാണ് അദ്ദേഹം ശ്രീലങ്കന്‍ പാര്‍ലമെന്റിലെത്തുന്നത്. 2004 നും 2005 നും ഇടയില്‍, പ്രസിഡന്റ് ചന്ദ്രിക ബണ്ഡാരനായകെ കുമാരതുംഗയുടെ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. 2000 മുതല്‍ പാര്‍ലമെന്റംഗമായ ദിസനായകെ ശക്തമായ അഴിമതിവിരുദ്ധ സന്ദേശമുയര്‍ത്തിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. 2022ല്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ശ്രീലങ്കയില്‍ രാഷ്ട്രീയ വന്‍മരങ്ങളെ കടപുഴക്കിയാണ് വിജയം നേടിയത്.