സാമ്പത്തികപ്രതിസന്ധി മൂർച്ഛിക്കുന്നതിനിടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതിനു പിന്നാലെയാണ് വെള്ളി അർധരാത്രിയോടെ പ്രസിഡന്റ് ഗോതബായ രജപക്‌സെ പ്രഖ്യാപനം നടത്തിയത്. വ്യാഴം രാത്രി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നുഗേഗോഡയിലെ വീടിനുമുന്നിൽ വലിയ പ്രതിഷേധമുണ്ടായി. പ്രതിഷേധക്കാരെ അർധസൈനികരും പൊലീസും നേരിട്ടു. നിരവധി പ്രക്ഷോഭകർക്കും അഞ്ചു സുരക്ഷാ സൈനികർക്കും പരിക്കേറ്റു. അയ്യായിരത്തിലധികംപേർ അണിനിരന്ന പ്രതിഷേധം സർക്കാരിനെ ഞെട്ടിച്ചു. ആഹ്വാനമില്ലാതെയുണ്ടായ പ്രക്ഷോഭത്തെ ബലം പ്രയോഗിച്ച് അടിച്ചമർത്തി. അമ്പതോളംപേരെ അറസ്റ്റ് ചെയ്‌തു. തലസ്ഥാന നഗരത്തിൽ സുരക്ഷ കർശനമാക്കി. സംശയം തോന്നുന്നവരെ സൈനികർ ചോദ്യം ചെയ്യുന്നു. തീവ്രവാദി ഗ്രൂപ്പുകളാണ് പ്രതിഷേധത്തിന് പിന്നിലെന്ന് പ്രസിഡന്റ് ആരോപിച്ചു.
കഴിഞ്ഞ ദിവസമുണ്ടായ പ്രക്ഷോഭങ്ങളെ തുടർന്ന് ശ്രീലങ്കയിൽ പ്രഖ്യാപിച്ചിരുന്ന കർഫ്യൂ ഇന്ന് പിൻവലിച്ചു. സംഘർഷങ്ങൾക്ക് അയവുവന്നു എന്ന് കണ്ടതോടെയാണ് കർഫ്യൂ പിൻവലിക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. പ്രസിഡന്റിന്റെ വസതിക്കുമുന്നിലടക്കം വൻ സംഘർഷം ഉണ്ടായതിനാൽ സൈന്യം കടുത്ത ജാഗ്രതയിലായിരുന്നു. ആയിരത്തോളം പേരാണ് രാത്രി പ്രസിഡന്റിന്റെ വീടുവളഞ്ഞത്. രംഗം ശാന്തമാക്കാൻ പൊലീസും പ്രത്യേക ദൗത്യ സേനയും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് കരസേനയുടെയും നാവികസേനയുടെയും സഹായം തേടിയാണ് പ്രസിഡന്റിന്റെ വസതിക്ക് സുരക്ഷ ഉറപ്പാക്കിയത്.
അതെ സമയം മൂന്നിന് രാജ്യവ്യാപകമായി ജനം മഹാപ്രക്ഷോഭം നടത്താനൊരുങ്ങുമ്പോഴാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം. ഏതെങ്കിലും രാഷ്ട്രീയ പാർടിയുടെ നിർദേശമില്ലാതെ ജനം ഒന്നാകെ പ്രതിഷേധിക്കുമെന്ന് സമൂഹമാധ്യമ സന്ദേശങ്ങളിൽ പറയുന്നു. ‘നിങ്ങൾ ഏതു പാർടിയിൽ വിശ്വസിച്ചാലും. ഈ സർക്കാരിനെ ഭരണഘടനാപരമായി പുറത്താക്കാൻ സമയമെടുക്കും. അതുവരെ കാത്തിരുന്നാൽ നമുക്ക് ഈ രാജ്യം ബാക്കിയുണ്ടാകില്ല. മറ്റു മാർഗമില്ല. ഏപ്രിൽ മൂന്നിന് രാവിലെ ഒമ്പതിന് രാജ്യമാകെ പ്രതിഷേധിക്കണം. നമ്മൾ നിശ്ശബ്ദരായാൽ കഴിവുകെട്ട ഭരണാധികാരികളും നിശ്ശബ്ദരാകും. നമുക്കും നമ്മുടെ ഭാവിക്കും വേണ്ടിയാണ് ഈ പ്രക്ഷോഭം’- സന്ദേശത്തിൽ പറഞ്ഞു. പ്രക്ഷോഭം യുണൈറ്റഡ് നാഷണൽ പാർടി അടക്കമുള്ള പ്രതിപക്ഷ പാർടികൾ ഏറ്റെടുക്കും. വാട്‌സാപ്പിലും ടെലഗ്രാമിലും ഫെയ്‌സ്ബുക്കിലും ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് ജനങ്ങളെ സംഘടിപ്പിക്കുന്നത്.






