സ്വാതന്ത്ര്യ ലബ്‌ധിക്കുശേഷം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്ക; സർവകക്ഷി സർക്കാരിന് നീക്കം

സ്വാതന്ത്ര്യ ലബ്‌ധിക്കുശേഷം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ്‌ ശ്രീലങ്കയെ അരക്ഷിതാവസ്ഥയിലേക്ക്‌ നയിച്ചത്‌. ഏകദേശം 5100 കോടി ഡോളറിന്റെ കടം രാജ്യത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അവശ്യവസ്തുക്കളും ഇന്ധനവും ഇറക്കുമതി ചെയ്യുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടു. കടമെടുത്ത തുകയോ പലിശയോ തിരികെ നല്‍കാനുമാകുന്നില്ല.

2019 അവസാനത്തോടെ രാജ്യത്ത്‌ 760 കോടി ഡോളർ വിദേശനാണ്യ ശേഖരം ഉണ്ടായിരുന്നത്‌ 2020 മാർച്ച്‌ ആയപ്പോഴേക്കും 193 കോടി ഡോളറായി കുറഞ്ഞു. ഈ കുറവ് പരി​ഹരിക്കണമെങ്കില്‍ ഏകദേശം 400 കോടി ഡോളറെങ്കിലും കണ്ടെത്തേണ്ടതായിട്ടുണ്ട്. പണപ്പെരുപ്പം 50 ശതമാനമാണ് ജൂണില്‍ ഉയര്‍ന്നത്. ജൂലൈയിലോ ആ​ഗസ്തിലോ ഇടക്കാല ബജറ്റുണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് ലങ്കന്‍ ജനത.

അതെ സമയം അരക്ഷിതാവസ്ഥയിലായ ശ്രീലങ്കയിൽ ഇടക്കാല സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാൻ പ്രതിപക്ഷ പാര്‍ടികളുടെ തീരുമാനം. പ്രക്ഷോഭം കൊടുമ്പിരികൊള്ളുകയും പ്രസിഡന്റ് ​ഗോതബായ രജപക്സെ ഒളിച്ചോടുകയും ചെയ്‌തതോടെയാണിത്. പ്രസിഡന്റ്‌ രാജിവച്ചാലുടൻ ഇടക്കാല സർക്കാർ രൂപീകരിക്കാൻ ഞായറാഴ്‌ച ചേർന്ന പ്രതിപക്ഷ പാര്‍ടികളുടെ യോഗം തീരുമാനിച്ചു. അധികാരമാറ്റത്തിന് സഭ വിളിക്കുന്നത്‌ ചര്‍ച്ച ചെയ്യാന്‍ പാര്‍ടി നേതാക്കളുടെ യോ​ഗം തിങ്കളാഴ്ച പകൽ ചേരും. പ്രസിഡന്റ് ബുധനാഴ്‌ച രാജിവയ്‌ക്കുമെന്ന്‌ സ്‌പീക്കർ അറിയിച്ചു.

അതെ സമയം ശ്രീലങ്കയിലെ കലാപ സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള അഭയാർഥികളുടെ കടന്നുകയറ്റം തടയുന്നതിനാണ് നിരീക്ഷണം കോസ്റ്റൽ ഗാർഡ് ശക്തമാക്കി. തമിഴ്നാട് തീരം മുതൽ കേരള തീരം വരെയുള്ള പ്രദേശങ്ങളിലാണ് നിരീക്ഷണം വർദ്ധിപ്പിച്ചത്. പട്രോളിംഗ് ബോട്ടുകൾ , ഹോവർക്രാഫ്റ്റുകൾ, വിമാനങ്ങൾ, എന്നിവയ്‌ക്ക് പുറമെ സുരക്ഷാ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്.