ഇലക്‌ട്രിക് വാഹന നിർമാണ രംഗത്തെ വമ്പന്മാരായ ടെസ്‌ലയുടെ ഫാക്ടറിയിൽ തകരാറിലായ റോബോട്ടിന്റെ ആക്രമണത്തിൽ സോഫ്‌റ്റ്‌വെയർ എൻജിനിയർക്ക് ഗുരുതരമായി പരിക്കേറ്റു. മെഡിക്കൽ റിപ്പോട്ട് പ്രകാരം പുതിയ കാറിന് വേണ്ടി അലുമിനിയം ഭാഗങ്ങൾ മുറിക്കാനായി പ്രോഗ്രാം ചെയ്ത റോബോട്ട് എന്‍ജിനിയറെ യന്ത്ര കൈ ഉപയോഗിച്ച് പൊക്കി എടുക്കുകയായിരുന്നു. എൻജിനിയറുടെ കയ്യിലും മുതുകിലും റോബോട്ടിന്റെ കയ്യിലെ നഖങ്ങൾ ആഴ്ന്നിറങ്ങി. സഹപ്രവർത്തകർ പെട്ടന്ന് എമർജന്‍സ് ബട്ടണ്‍ ഉപയോഗിച്ച് പ്രവർത്തനം നിലപ്പിച്ചത് മൂലമാണ് എന്‍ജിനിയറുടെ ജീവന്‍ രക്ഷപ്പെട്ടതെന്നാണ് വിവരം. ടെക്‌സസിലെ ഓസ്റ്റിനിലുള്ള ടെസ്‌ലയുടെ ഗിഗ ടെക്‌സാസ് ഫാക്ടറിയിലാണ് സംഭവം അരങ്ങേറിയത്. രണ്ടു വർഷം മുമ്പുണ്ടായ സംഭവം 2021ലെ ഇൻജുറി റിപ്പോർട്ടിലാണ് പുറത്തുവരുന്നത്. അതെ സമയം സംഭവത്തിൽ ടെസ്‌ല അധികൃതർ ഇത് വരെ പ്രതികരിച്ചിട്ടില്ല.
അന്തർ ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് പരിക്കേറ്റ എന്‍ജിനിയറെ അപകട സ്ഥലത്ത് നിന്ന് പുറത്ത് കൊണ്ടുപോകുമ്പോൾ അപകടം നടന്ന ഭാഗത്ത് രക്തം തളം കെട്ടിനിന്നിരുന്നു. റോബോട്ടുകളെ ഉപയോഗിക്കുന്ന ഫാക്ടറികളിൽ നിന്ന് ഇത്തരത്തിലെ അപകടങ്ങളേക്കുറിച്ച് പുറത്ത് വരുന്ന ആദ്യത്തെ റിപ്പോർട്ട് അല്ല ഇതെന്നതാണ് ശ്രദ്ധേയമായ വസ്തുത. ഈ വർഷം നവംബറിൽ ദക്ഷിണ കൊറിയയിൽ സമാനമായ രീതിയിലുണ്ടായ അപകടത്തിൽ പാക്കിംഗ് തൊഴിലാളിയെ റോബോട്ട് ഞെരിച്ച് കൊന്നിരുന്നു. കാർഷിക ഉൽപ്പന്നങ്ങളുടെ വിതരണ കേന്ദ്രത്തിൽ പച്ചക്കറികൾ നിറച്ച പെട്ടികൾ എടുത്തുവയ്ക്കുന്നതിനായി ഉപയോഗിച്ച റോബോട്ടാണ് ജീവനക്കാരനെ ആക്രമിച്ചത്.
2021-ലോ 2022-ലോ ടെക്‌സാസ് ഫാക്ടറിയിൽ റോബോട്ടുമായി ബന്ധപ്പെട്ട മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും റോബോട്ടിന്റെ ആക്രമണം ഉണ്ടാകാൻ കാരണം സുരക്ഷാ വീഴ്ചയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.






