സിഖ് വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അറിയാമായിരുന്നുവെന്ന അവകാശവാദവുമായി കനേഡിയന്‍ പത്രമായ ദി ഗ്ലോബ് ആന്‍ഡ് മെയിൽ. ഒരു മുതിര്‍ന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന്റെ ഇന്‍പുട്ടുകള്‍ ഉദ്ധരിച്ച്, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും (എന്‍എസ്എ) വിദേശകാര്യ മന്ത്രിക്കും ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നുവെന്ന് ദി ഗ്ലോബ് ആന്‍ഡ് മെയിലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ആരോപിക്കുന്നു.
അതെ സമയം നിജ്ജാറിനെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രിക്ക് അറിയാമായിരുന്നുവെന്ന ഗ്ലോബ് ആന്‍ഡ് മെയിലിന്റെ റിപ്പോട്ട് ഇന്ത്യ തള്ളി. “ഞങ്ങൾ സാധാരണയായി മാധ്യമ റിപ്പോർട്ടുകളെക്കുറിച്ച് അഭിപ്രായം പറയാറില്ല. എന്നിരുന്നാലും, ഒരു കനേഡിയൻ സർക്കാർ ഉദ്യോഗസ്ഥൻ ഒരു പത്രത്തോട് നടത്തിയ അത്തരം പരിഹാസ്യമായ പ്രസ്താവനകൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം”. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇത്തരം അപവാദ പ്രചാരണങ്ങൾ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാക്കുകയേയുള്ളൂ എന്നും ജയ്‌സ്വാൾ പറഞ്ഞു.
ഇന്ത്യയിൽ നിരോധിക്കപ്പെട്ട സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) എന്ന സംഘടനയുടെ വക്താവായ നിജ്ജാർ 2023 ജൂണ്‍ 18നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ചത്.കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷം കനേഡിയന്‍ മൗണ്ടഡ് പൊലീസ് മൂന്ന് ഇന്ത്യന്‍ വംശജരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കരണ്‍പ്രീത് സിങ് (28), കമല്‍പ്രീത് സിങ് (22), കരണ്‍ ബ്രാര്‍ (22) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് എതെങ്കിലും തരത്തില്‍ ഇന്ത്യ ഗവണ്‍മെന്റുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്നും കനേഡിയന്‍ പൊലീസ് അറിയിച്ചിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാകാമെന്നായിരുന്നു കാനഡയുടെ ആദ്യഘട്ടത്തിലേയുള്ള നിലപാട്. എന്നാല്‍, കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.