രാജ്യത്ത് ശക്തമായ ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സമയത്ത് വസതിയിൽ അതിഥി സൽക്കാരം നടത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ ക്ഷമാപണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഹൗസ് ഓഫ് കോമൺസിലാണ് ബോറിസ് ജോൺസന്റെ ക്ഷമാപണം. പരിപാടിയില്‍ പങ്കെടുത്തകാര്യം ജോൺസൻ സമ്മതിക്കുന്നത് ഇതാദ്യമായാണ്. 2020 മെയിൽ തന്റെ ഡൗണിങ് സ്ട്രീറ്റ് വസതിയിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തത് പ്രധാനമന്ത്രി സമ്മതിക്കുകയും തുടർന്ന് ബ്രിട്ടീഷ് ജനതയോട് മാപ്പു പറയുകയുമായിരുന്നു. എന്നാൽ രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചില്ല.
ബുധനാഴ്ച യുനൈറ്റഡ് കിംഗ്ഡം പാർലമെൻറിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ ക്ഷമാപണം. ‘നിയമം ഉണ്ടാക്കുന്നവർ തന്നെ അവ ലംഘിച്ചാൽ, എനിക്കും ഗവൺമെൻറിനുമെതിരെ ജനങ്ങൾക്കുണ്ടാകുന്ന ദേഷ്യം എനിക്ക് അറിയാം’ ബോറിസ് ജോൺസൻ പറഞ്ഞു. കഴിഞ്ഞ ദിവസം ബോറിസ് ജോൺസൻ ലോക്‌ഡൗൺ നിയമങ്ങൾ ലംഘിച്ചതിന്റെ തെളിവ് പുറത്ത് വന്നിരുന്നു, പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന സൽക്കാരം നടത്താന്‍ പ്രൈവറ്റ് സെക്രട്ടറി അയച്ച ഇ–- മെയിൽ സന്ദേശം ഒരു വാർത്താമാധ്യമം പുറത്തുവിട്ടു. ഇതിനു പിന്നാലെയാണ് മാപ്പ് അപേക്ഷയുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ബോറിസ് അംഗീകരിച്ചില്ല.






