റഷ്യയുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തില്‍ സൈനികനടപടിക്കില്ലെന്ന നിലപാടുമായി നാറ്റോ. തങ്ങളുടെ സഖ്യ രാജ്യങ്ങള്‍ക്കു മാത്രമാണ് സുരക്ഷ ഉറപ്പുവരുത്തുകയെന്ന് നാറ്റോ പ്രഖ്യാപിച്ചു. യുദ്ധം രൂക്ഷമായതിനു പിന്നാലെയാണ് നാറ്റോ സൈനിക സഖ്യം നേരിട്ട് യുദ്ധത്തിന് ഇല്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഉക്രെയ്‌നിലേക്ക് നാറ്റോ ഉടന്‍ സൈന്യത്തെ അയയ്ക്കില്ലെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് അറിയിച്ചു. ഏകാധ്യപത്യത്തിനുമേല്‍ ജനാധിപത്യം വിജയം നേടും. പ്രതിരോധ നടപടികള്‍ തീരുമാനിക്കാന്‍ വെള്ളിയാഴ്ച നാറ്റോ യോഗം ചേരുമെന്ന് സെക്രട്ടറി ജനറല്‍ പറഞ്ഞു.
അതെ സമയം റഷ്യ ആക്രമണത്തിൽ ഏഴു പേർ മരിച്ചതായി റിപ്പോർട്ട്. ഷെല്ലാക്രമണത്തിലാണ് ആളുകൾ കൊല്ലപ്പെട്ടത്. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വിവിധ നഗരങ്ങളിൽ ഇതിനോടകം തന്നെ ആക്രമണം ആരംഭിച്ചു. ഒഡേസയിൽ ആറ് പേരും തലസ്ഥാനമായ കീവിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. കീവിൽ നിന്ന് ജനങ്ങൾ പലായനം ചെയ്യുകയാണ്.
അതെ സമയം യുദ്ധത്തിൽ റഷ്യക്ക് പിന്തുണയുമായി സഖ്യ രാജ്യമായ ബെലാറസും രംഗത്തെത്തി. യുദ്ധത്തില്‍ കിഴക്കന്‍ മേഖലയിലെ രണ്ട് ഗ്രാമങ്ങള്‍ പൂര്‍ണമായും റഷ്യ കൈയേറിയതായാണ് സൂചന. റഷ്യന്‍ യുദ്ധവിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവെച്ചിട്ടെന്ന അവകാശവാദവുമായി യുക്രെയ്ൻ സൈന്യവും രംഗത്തെത്തി.






