2022-ലെ വിപത്തുകളെ നേരിടാൻ അഫ്ഗാന് വേണ്ടി ഇടപെടലുമായി യു.എന്‍; ലോകരാജ്യങ്ങളോട് ആവശ്യപ്പെടുന്നത് 500 കോടി ഡോളര്‍

താലിബാന്‍ ഭരണത്തിന് കീഴില്‍ ഭക്ഷ്യക്ഷാമവും മറ്റ് മാനുഷിക പ്രതിസന്ധികളും നേരിടുന്ന അഫ്ഗാനിസ്ഥാന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് ഐക്യരാഷ്ട്രസഭ. 2022ലേക്ക് അഫ്ഗാന് വേണ്ടി 5 ബില്യണ്‍ (500 കോടി) ഡോളര്‍ സഹായമാണ് യു.എന്‍ ലോകരാജ്യങ്ങളോട് ആവശ്യപ്പെടുന്നത്.

ഇതുവരെ ഏതെങ്കിലുമൊരു രാജ്യത്തിന് വേണ്ടി നടത്തിയതില്‍ വെച്ച് ഏറ്റവും വലിയ സാമ്പത്തിക ഇടപെടലാണ് യു.എന്‍ അഫ്ഗാന് വേണ്ടി നടത്തുന്നത്. നേരത്തെ 4.4 ബില്യണ്‍ ഡോളറാണ് അഫ്ഗാനിലേക്ക് വേണ്ടതെന്നാണ് യു.എന്‍ പറഞ്ഞിരുന്നത്. എന്നാല്‍, അഫ്ഗാന്‍ അതിര്‍ത്തിക്ക് പുറത്ത് താമസിക്കുന്ന ലക്ഷക്കണക്കിന് അഫ്ഗാന്‍ പൗരന്മാരുടെ പുനരധിവാസത്തിന് വേണ്ടി 623 മില്യണ്‍ കൂടെ ഇതിലേക്ക് കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

താലിബാനെ ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ ലംഘിക്കാതെ, നിരാശരായ അഫ്ഗാനികളിലേക്ക് മാനുഷിക സഹായം എത്തിക്കാൻ ആണ് യുഎൻ സുരക്ഷാ കൗൺസിലിന്റെ നീക്കം, ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർ ഉൾപ്പെടെ അഫ്ഗാനിസ്ഥാനിലെ സ്ഥിതി സുസ്ഥിരമാക്കുക, അതുവഴി രാജ്യത്തിന്റെ അതിർത്തികളിലൂടെ പലായനം ചെയ്യുന്ന കുടിയേറ്റക്കാരുടെ പ്രവാഹം തടയുക എന്നതാണ് പാക്കേജിന്റെ ലക്ഷ്യമെന്ന് യുഎൻ അഭയാർത്ഥി മേധാവി ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു. “ആ ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ, അടുത്ത വർഷം ഞങ്ങൾ 10 ബില്യൺ ഡോളർ ആവശ്യപ്പെടേണ്ടിവരും,” അദ്ദേഹം കൂട്ടിച്ചേർത്തു.

നാല് കോടിക്കടുത്താണ്, 3.89 കോടി (39 മില്യണ്‍), അഫ്ഗാനിലെ ജനസംഖ്യ. ഇതില്‍ പകുതിയിലധികവും, അതായത് 22 മില്യണ്‍ ജനങ്ങള്‍, കടുത്ത ഭക്ഷ്യക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് യു.എന്‍ പറഞ്ഞിരുന്നു.