നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിനു പിന്നാലെ ആശങ്ക പങ്കുവെച്ച് യു എസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിനു പിന്നാലെ ആശങ്ക പങ്കു വെച്ച് യു എസ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് പിന്നാലെയാണ് യു എസ് വിദേശകാര്യ പ്രതിനിധി മോദിയുമായി സംഭാഷണം നടത്തിയത്. അമേരിക്കൻ വിദേശകാര്യ വകുപ്പ് ചൊവ്വാഴ്ചയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പക്ഷേ ഉളളടക്കം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വിദേശകാര്യ വകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. തന്ത്രപരമായ പങ്കാളിയായി ഇന്ത്യ തുടരുന്നതിനിടയിലും റഷ്യയുമായുള്ള ബന്ധം സംബന്ധിച്ച് അമേരിക്ക ആശങ്ക പ്രകടിപ്പിച്ചതായാണ് സൂചന. നേരത്തെ നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കി രംഗത്ത് വന്നിരുന്നു. യുക്രൈനിലെ ഏറ്റവുംവലിയ കുട്ടികളുടെ ആശുപത്രിയടക്കം തകര്‍ത്ത റഷ്യയുടെ മിസൈലാക്രമണത്തിനിടെ മോദി നടത്തിയ സന്ദര്‍ശനത്തിലാണ് വിമര്‍ശനം.

അതേസമയം യുക്രൈന്‍ റഷ്യ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്തണമെന്നും നരേന്ദ്രമോദി പുടിനോട് ആവശ്യപ്പെട്ടു. യുദ്ധത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.22-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി മോസ്‌കോയിലെത്തിയത്. ഇതിന് മുമ്പ് തന്റെ റഷ്യന്‍ സന്ദര്‍ശനം ഇത്രയും ലോകശ്രദ്ധ നേടിയിട്ടില്ലെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞു. റഷ്യയിലെ ഇന്ത്യന്‍ സമൂഹവുമായി മോദി സംവദിച്ചു. റഷ്യ എക്കാലവും ഇന്ത്യയുടെ സുഹൃത്താണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

റഷ്യയിലെയും ഓസ്ട്രിയയിലെയും മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് സമാപനം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ടു.