അഫ്ഗാനില്‍ നിസ്സഹായരായ അഭയാര്‍ഥികളെയും യുഎസ് പട്ടാളക്കാരെയും കൂട്ടക്കുരുതി നടത്തിയവര്‍ക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്ക. ജീവന്‍വെടിഞ്ഞ അമേരിക്കന്‍ പട്ടാളക്കാരെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും ചാവേറാക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ ഘടകമായ ഐഎസ് ഖൊറാസനെ (ഐഎസ്-കെ) ശക്തമായി നേരിടുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ജീവന്‍ നഷ്ടമായ സൈനികരെ അമേരിക്കന്‍ ഹീറോകളെന്ന് വിശേഷിപ്പിച്ച ബൈഡന്‍ വൈറ്റ്ഹൗസിലും രാജ്യമെമ്പാടുമുള്ള പൊതു കെട്ടിടങ്ങളിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാനും ഉത്തരവിട്ടു. അവര്‍ എന്താണോ ആവശ്യപ്പെടുന്നത് അത് നല്‍കും. കൂടുതലായി സൈന്യത്തെ വേണമെങ്കില്‍ അതിനും തയ്യാറാണെന്ന് സൈന്യത്തെ അറിയിച്ചതായി ബൈഡന്‍ വ്യക്തമാക്കി.
ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് യുഎന്‍ രക്ഷാസമിതി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു.ഫ്ഗാനിസ്ഥാനിൽനിന്നും എത്രയും വേഗം പൗരൻമാരേയും സൈന്യത്തേയും പിൻവലിക്കാൻ നീക്കം നടക്കുന്നതിനിടെയാണ് ഐഎസ് ആക്രമണമുണ്ടായത്. യാതൊരു മുന്നൊരുക്കവും കൂടാതെയാണ് യുഎസ് സൈന്യത്തെ പിൻവലിക്കുന്നതെന്ന ലോകത്തിന്റെ പല ഭാഗത്തുനിന്നും വിമർശനം ഉയരുമ്പോഴാണ് പുതിയ സംഭവവികാസങ്ങൾ.
ഭീകരാക്രമണത്തില്‍ 13 യുഎസ് സൈനികർ അടക്കം 110 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. 175ൽ അധികം പേർക്ക് പരിക്കേറ്റു. താലിബാന്‍കാരും കൊല്ലപ്പെട്ടു. ഇരട്ട ചാവേര്‍ സ്ഫോടനം ഉണ്ടായില്ലെന്നും യുഎസ് സൈന്യം സ്ഥിരീകരിച്ചു. വിമാനത്താവളത്തിനു പുറത്തുമാത്രമാണ് സ്ഫോടനം ഉണ്ടായത്. സമീപത്ത് ഹോട്ടലിനു മുന്നില്‍ സ്ഫോടനം ഉണ്ടായിട്ടില്ല. ഒറ്റ ചാവേര്‍മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും യുഎസ് ആര്‍മി മേജര്‍ ജനറല്‍ വില്യം ടൈലര്‍ പറഞ്ഞു.
അമേരിക്കൻ സൈനികരെയും പരിഭാഷകരെയും പാശ്ചാത്യരെ സഹായിച്ചവരെയും ലക്ഷ്യമിട്ടാണ് ചാവേറാക്രമണം നടത്തിയതെന്ന് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഔദ്യോഗികമായി ഏറ്റെടുത്ത് ഐഎസ് ഖൊറാസൻ (ഐഎസ്-കെ) പ്രസ്താവന ഇറക്കി. ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ കാബൂള്‍ വിമാനത്താവള പരിസരത്ത് ഇനിയും ഭീകരാക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.






