ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ നാലു മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നാണ് ബൈഡൻ്റെ പ്രഖ്യാപനം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ലെബനൻ്റെ താൽക്കാലിക പ്രധാനമന്ത്രി നജീബ് മിക്കാറ്റിയുമായും സംസാരിച്ചതായും ബൈഡൻ വ്യക്തമാക്കി. ലെബനൻ സൈന്യം ഇസ്രായേലുമായുള്ള അതിർത്തിക്കടുത്തുള്ള പ്രദേശത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുന്ന മുറയ്ക്ക് 60 ദിവസത്തിനുള്ളിൽ ഇസ്രായേൽ ഇവിടെ നിന്നും സൈന്യത്തെ പിൻവലിക്കും., ഹിസ്ബുള്ള ഈ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നില്ലെന്ന് ഉറപ്പാക്കി കൊണ്ടായിരിക്കും പിൻമാറ്റമെന്നാണ് ബൈഡൻ വ്യക്തമാക്കിയിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് വെടിനിർത്തൽ കരാർ പങ്കുവെച്ചത്. “അമേരിക്കയുടെ സഹകരണത്തോടെ ഇസ്രായേലി, ലെബനീസ് അധികാരികളുമായി നിരവധി മാസങ്ങളായി നടത്തിയ ചർച്ചകളുടെ പരിസമാപ്തിയാണ് ഇത്” എന്നായിരുന്നു മാക്രോൺ എക്സിൽ കുറിച്ചത്.
ലബനനുമായുള്ള സംഘർഷത്തിൽ വെടിനിർത്തലിനു തയ്യാറാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വെടിനിർത്തൽ നിർദേശം ഇസ്രയേലിന്റെ സുരക്ഷാകാര്യ കാബിനറ്റ് യോഗം അംഗീകരിച്ചു. മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം കൂടി ലഭിച്ചാൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
അതെ സമയം വെടിനിർത്തൽ നിർദേശങ്ങൾ ഹിസ്ബുല്ല ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. യുഎസ് തയ്യാറാക്കിയ വെടിനിർത്തൽ പദ്ധതി ചർച്ചചെയ്യാൻ കഴിഞ്ഞയാഴ്‌ച വൈറ്റ്ഹൗസ് പ്രതിനിധി എമസ് ഹോക്സ്റ്റൈൻ ലബനനും ഇസ്രയേലും സന്ദർശിച്ചിരുന്നു. എന്നാൽ ബൈഡൻ്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ലെബനീസ് തലസ്ഥാനം ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയായിരുന്നു ഇസ്രയേൽ ആക്രമണം. പ്രദേശത്ത് നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്.
https://twitter.com/EmmanuelMacron/status/1861529284675883200