പശ്ചിമേഷ്യയിലേക്കുള്ള യുദ്ധവിമാനങ്ങളുടെയും കപ്പലുകളുടെയും വിന്യാസം വേഗത്തിലാക്കാൻ ഉത്തരവിട്ട് അമേരിക്ക. ഇസ്രയേലിനെതിരെ ഇറാന്റെ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നീക്കം. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനാണ് എബ്രഹാം ലിങ്കൺ സ്‌ട്രൈക്ക് ഗ്രൂപ്പിനോട് ഈ മേഖലയിലേക്കുള്ള വിന്യാസം ത്വരിതപ്പെടുത്താൻ ആവശ്യപ്പെട്ടത്. “ഇസ്രായേലിനെ പ്രതിരോധിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ അമേരിക്ക പ്രതിബദ്ധമാണെന്ന്” ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനോട് ഓസ്റ്റിന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മിഡിൽ ഈസ്റ്റിലുടനീളം യു.എസ് സൈനിക ശേഷി ശക്തിപ്പെടുത്തിയതായി പെൻറഗൺ പ്രസ് സെക്രട്ടറി മേജർ ജനറൽ പാറ്റ് റൈഡർ പ്രസ്താവനയിൽ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അതെ സമയം പശ്ചിമേഷ്യൻ മേഖലയിൽ കൂടുതൽ വിമാന കമ്പനികൾ സർവീസ് റദ്ദാക്കി. ടെൽ അവീവ്, തെഹ്‍റാൻ, ബെയ്റൂത്ത് തുടങ്ങിയ ഇടങ്ങളിലേക്കുള്ള സർവീസുകൾ ഈ മാസം 21 വരെ നിർത്തിയതായി ലുഫ്താൻസ എയർ അറിയിച്ചു. എയർ ഫ്രാൻസ്, ട്രാൻസാവിയ തുടങ്ങിയ കമ്പനികൾ ബുധനാഴ്ച വരെ ബെയ്റൂത്ത് സർവീസ് റദ്ദാക്കി.
ഹമാസ് തലവൻ ഇസ്മയിൽ ഹനിയ്യയെ വധിച്ചതുമുതലാണ് പശ്ചിമേഷ്യയിൽ സംഘർഷം ശക്തിപ്പെട്ടത്. പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങൾ അമേരിക്കയും യൂറോപ്യൻ യൂണിയനുമടക്കമുള്ളവർ നടത്തിയിരുന്നു. എന്നാൽ ഇവയെല്ലാം പരാജയപ്പെട്ടെന്നാണ് ലഭിച്ച റിപ്പോർട്ടുകൾ. ഇറാന്റെ ആക്രമണം കനത്തതായിരിക്കില്ലെന്നാണ് വിവരമെന്നും ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ഏതുവിധത്തിലുള്ള ആക്രമണത്തിനും സജ്ജമെന്ന് ഇസ്രായേൽ സൈനിക നേതൃത്വം അറിയിച്ചു.






