കഴിഞ്ഞ ഒരു വർഷമായി ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ സൗദി സന്ദർശിക്കുന്നു. ഇസ്രയേൽ ആക്രമണം തുടങ്ങിയ ശേഷം തന്റെ പതിനൊന്നാമത് മിഡിൽ ഈസ്റ്റ് സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം സൗദിയിലും എത്തുന്നത്. ബുധനാഴ്ച രാവിലെ റിയാദിലെത്തിയ അദ്ദേഹത്തെ സൗദി വിദേശകാര്യ ഉപമന്ത്രി എൻജി വലീദ് ബിൻ അബ്ദുൽ കരീം അൽ ഖുറൈജി റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിലെത്തി സ്വീകരിച്ചു.
”സൗദി അറേബ്യ ഈ മേഖലയിലെ ,സുപ്രധാന രാജ്യമാണ്” എന്ന് പ്രതികരിച്ച ബ്ലിങ്കൻ വിദേശകാര്യ മന്ത്രാലയത്തിലെത്തി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽ സഊദുമായടക്കം കൂടിക്കാഴ്ച നടത്തി. വെടിനിർത്തലിനായി സൗദിയടക്കം എല്ലാ രാജ്യങ്ങളുടെയും സ്വാധീനം ഉപയോഗിക്കാനാണ് തന്‍റെ ശ്രമമെന്നും ബ്ലിങ്കൻ വിവരിച്ചിരുന്നു. വെടിനിർത്തൽ കരാർ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ആന്റണി ബ്ലിങ്കൻ നേരത്തെ ഇസ്രയേൽ സന്ദർശിച്ചിരുന്നു. ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം അവസാനിച്ച് മണിക്കൂറുകൾക്കകമായിരുന്നു ബ്ലിങ്കൻ ടെൽ അവീവിലെത്തിയത്. ഹമാസ് ഉന്നത നേതാവ് യഹിയ സിൻവാറിന്‍റെ കൊലപാതകത്തിന് ശേഷം വെടിനിർത്തലിനുള്ള സാധ്യതകൾ തേടുകയാണ് ബ്ലിങ്കനും അമേരിക്കയും.
ചൊവ്വാഴ്ച ഇസ്രായേലിൽ ആരംഭിച്ച ബ്ലിങ്കൻ്റെ ഒരാഴ്ചത്തെ പര്യടനത്തിൽ സൗദിക്ക് പുറമെ ജോർദാനും സന്ദർശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.