ഓസ്ട്രേലിയ; വിക്ടോറിയ സംസ്‌ഥാനത്തുടനീളം ശക്തമായ കൊടുങ്കാറ്റ്

മെൽബണിലുടനീളം നാശം വിതച്ച് മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിക്കുന്നു. വിക്ടോറിയയിൽ ശക്തമായ കാറ്റിൽ വൈദ്യുതി , റോഡ്, റെയിൽ, സ്കൂൾ എന്നീ അവശ്യ മേഖലകളിൽ തടസ്സങ്ങൾ നേരിട്ട്. മരങ്ങൾ കടപുഴകി വീണതിനാൽ പല റോഡുകളും അടച്ചിരിക്കുന്നു, ആയിരക്കണക്കിന് വീടുകൾക്ക് വൈദ്യുതിയില്ല. കാറ്റഗറി 3 ചുഴലിക്കാറ്റിന് തുല്യമായ കാറ്റാണ്, വിക്ടോറിയയിൽ നാശം വിതച്ചുകൊണ്ടിരിക്കുന്നത് എന്ന് ന്യൂ യോർക്ക് ടൈംസ് റിപ്പോട്ട് ചെയ്തു.

ശക്തമായ തണുപ്പ് ഞായറാഴ്ച രാത്രി മുതൽ സംസ്ഥാനത്ത് അനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലും 130 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശിയടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
വിക്ടോറിയയിൽ 120,000-ലധികം വീടുകൾക്ക് വൈദ്യുതിയില്ല. അതെ സമയം വിക്ടോറിയയുടെ തെക്ക്-പടിഞ്ഞാറൻ തീരത്ത് കേപ് ഒട്ട്‌വേ മുതൽ നെൽസൺ വരെയുള്ള ഭാഗങ്ങളിൽ കൊടുങ്കാറ്റുണ്ടാകുമെന്ന മുന്നറിയിപ്പ് മാത്രമാണ് ഇപ്പോൾ നിലവിൽ ഉള്ളത്.

ശക്തമായ കാറ്റിൽ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തകരാറിലായതിനെ തുടർന്ന് പടിഞ്ഞാറൻ വിക്ടോറിയയിലെ 34,600 ഉപഭോക്താക്കൾക്ക് വൈദ്യുതി പുനഃസ്ഥാപിക്കാൻ 239-ലധികം വ്യക്തിഗത ജോലികളിലേക്ക് പവർകോർ ജീവനക്കാരെ അടിയന്തര സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്. വിക്ടോറിയ സംസ്‌ഥാനത്തിന്റെ തെക്കൻ പ്രദേശം, തെക്ക്-പടിഞ്ഞാറൻ തീരം, ഗീലോംഗ്, വടക്കൻ പ്രദേശങ്ങളായ ഷെപ്പാർട്ടൺ എന്നിവയാണ് ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങൾ. മെൽബണിൽ, യുണൈറ്റഡ് എനർജി റിപ്പോർട്ട് ചെയ്യുന്നത് തെക്ക്-കിഴക്കൻ പ്രാന്തപ്രദേശങ്ങളിലെയും മോർണിംഗ്ടൺ പെനിൻസുലയിലെയും 20,000-ലധികം ഉപഭോക്താക്കളെ ബാധിച്ചിട്ടുണ്ടെന്നാണ്.

അതെ സമയം ന്യൂ സൗത്ത് വെയിൽസ്-വിക്ടോറിയ അതിർത്തിക്ക് സമീപം, മരം മറിഞ്ഞുവീണ് തകർന്ന കാബിനിൽനിന്നും 63 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച വീശിയടിച്ച കൊടുങ്കാറ്റിൽ മരങ്ങൾ കടപുഴകുകയും ഒട്ടനവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ നിരവധി വീടുകൾ ഇപ്പോഴും ഇരുട്ടിലാണ്. ശക്തമായ തിരമാലകൾ ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ പല ബീച്ചുകളും അടച്ചിട്ടിരിക്കുകയാണ്. അപകട സാധ്യത കൂടുതലുള്ള മേഖലകളിലുള്ളവർ ഇന്ന് വീട്ടിൽ തന്നെ കഴിയണമെന്നും, സാധിക്കുമെങ്കിൽ വീട്ടിൽനിന്ന് അവരുടെ ജോലികൾ ചെയ്യണമെന്നും SES അഭ്യർത്ഥിച്ചു.