യുക്രൈൻ അധിനിവേശം; റഷ്യന്‍ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക് ആപുകള്‍ ആപ്പിള്‍ കമ്പനി നീക്കംചെയ്യുന്നു

യുക്രൈൻ അധിനിവേശത്തെ തുടര്‍ന്ന് റഷ്യക്കെതിരേ ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനിടെ റഷ്യന്‍ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക് ആപുകള്‍ ആപ്പിള്‍ കമ്പനി നീക്കംചെയ്യുന്നു. റഷ്യയില്‍ ഏറെ പ്രശസ്തമായ വികൊണ്ടാക്‌റ്റെ എന്ന സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ ആപ് സ്റ്റോറില്‍ നിന്ന് ആഗോളതലത്തില്‍ നീക്കംചെയ്തതായി ആപ്പിള്‍ കമ്പനി സ്ഥിരീകരിച്ചു. വേറെ ചില റഷ്യന്‍ ആപുകളും ഇപ്പോള്‍ ലഭ്യമാവുന്നില്ല. നേരത്തേ ആപ് സ്റ്റോറില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്തവ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അപ്‌ഡേറ്റുകള്‍ സാധ്യമാവില്ല.

അതെ സമയം ജനഹിതപരിശോധനയ്ക്ക് ശേഷം യുക്രൈനിന്റെ ചില പ്രദേശങ്ങൾ (15 ശതമാനം) റഷ്യയോട് ഔപചാരികമായി കൂട്ടിച്ചേർക്കാൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തയ്യാറെടുക്കുന്നതായി റിപ്പോട്ടുകൾ. യുക്രെയ്നിലെ നാല് റഷ്യന്‍ നിയന്ത്രിത മേഖലകളില്‍ നടത്തിയ ഹിതപരിശോധന പൂര്‍ത്തിയായിരിക്കുകയാണ്. സെപ്തംബറിൽ യുക്രേനിയൻ സൈന്യം പ്രത്യാക്രമണം ആരംഭിച്ചപ്പോൾ റഷ്യ വലിയ തിരിച്ചടി നേരിട്ടിരുന്നു. അതിനു ശേഷമാണ് ഹിതപരിശോധന നടക്കുന്നത്. സെപ്റ്റംബർ 30ന് പാർലമെന്റിനെ അഭിസംബോധന ചെയ്യുമ്പോൾ പുടിൻ റഷ്യൻ ഫെഡറേഷനിലെ അധിനിവേശ പ്രദേശങ്ങളുടെ പുതിയ ലിസ്റ്റ് പ്രഖ്യാപിക്കുമെന്നാണ് സൂചന.