ഇന്ത്യയുമായി രാഷ്ട്രീയ ബന്ധം ആഗ്രഹിക്കുന്നു എന്ന് പ്രഖ്യാപിച്ച് താലിബാൻ

അഫ്ഗാൻ പിടിച്ചടക്കിയതിന് പിന്നാലെ ഭരണം ആരംഭിച്ച താലിബാൻ അയൽ രാജ്യങ്ങളുമായി നയതന്ത്രബന്ധം നിലനിർത്താൻ നീക്കം ആരംഭിച്ചു. ഇന്ത്യയുമായുള്ള സാംസ്ക്കാരിക, സാമ്പത്തിക, രാഷ്ട്രിയ ബന്ധങ്ങൾ പ്രധാനമണെന്നും ഇന്ത്യയുമായു നല്ലബന്ധം ഉണ്ടാക്കാൻ ശ്രമങ്ങൾ നടക്കുന്നതായും താലിബാൻ അറിയിച്ചു. ദോഹയിലുള്ള താലിബാന്റെ ഉപമേധാവി ഷേർ മുഹമ്മദ് അബ്ബാസ് നെക്സായ് ആണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.

അതെ സമയം താലിബാൻറെ നിർദ്ദേശത്തോട് തല്ക്കാലം പ്രതികരിക്കുന്നില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യയിലുള്ള അഫ്ഗാൻ പൗരൻമാരുടെ വീസ രണ്ടു മാസത്തേക്ക് കൂടി നീട്ടി നല്കാൻ സർക്കാർ തീരുമാനിച്ചു. ഇപ്പോൾ സർക്കാർ രൂപീകരണത്തെക്കുറിച്ച് വ്യക്തതയില്ല. അതുകൊണ്ട് താലിബാനെ അംഗീകരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാറായിട്ടില്ലെന്നാണ് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി പ്രതികരിച്ചത്.

ഈ മാസം പതിനഞ്ചിന് കാബൂൾ പിടിച്ച ശേഷം ഇതാദ്യമായാണ് താലിബാൻ ഇന്ത്യയുമായുള്ള ബന്ധം പരാമർശിക്കുന്നത്. പാകിസ്ഥാനിലൂടെ ഇന്ത്യയിലേക്കുള്ള വ്യാപാരം തുടരാൻ ആഗ്രഹിക്കുന്നു എന്ന് താലിബാൻ നേതാവ് പറഞ്ഞു. ഇന്ത്യയെ മേഖലയിലെ പ്രധാന പങ്കാളിയായി കാണുന്നു എന്ന സന്ദേശവും താലിബാൻ നല്കി. എന്നാൽ അഫ്ഗാനിൽ ഏതു തരത്തിലുള്ള സർക്കാർ താലിബാൻ രൂപീകരിക്കുന്നു എന്നത് നിരീക്ഷിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ജമ്മുകശ്മീരിനെക്കുറിച്ച് താലിബാൻ സ്വീകരിക്കുന്ന നിലപാടും അറിയേണ്ടതുണ്ട്. ഇന്ത്യയ്ക്ക് ധൃതിയില്ല എന്ന സൂചന കഴിഞ്ഞ ദിവസം വിദേശകാര്യവക്താവ് നല്കിയിരുന്നു.

അമേരിക്ക നാളെ പിൻമാറുന്നതോടെ അവിടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് വിദേശകാര്യമന്ത്രാലയത്തിനു മുന്നിലുള്ള വെല്ലുവിളി. ഇതിന് താലിബാൻറെ സഹായം വേണ്ടി വരും. തുടക്കത്തിൽ രക്ഷാദൗത്യത്തിന് ഇന്ത്യ ഹമീദ് കർസായി, അബ്ദുല്ല അബ്ദുല്ല എന്നിവരുടെയും റഷ്യയുടെയും സഹകരണം കൂടി തേടിയിരുന്നു എന്ന റിപ്പോർട്ടും പുറത്തു വന്നു. ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരൻമാരെ സ്വീകരിക്കും എന്ന നയം നാളെയ്ക്കു ശേഷവും തുടരാനാണ് തീരുമാനം.

കാബൂളിൽ നിന്ന് ഇത് വരെ 550തിലധികം പേരെ തിരികെയെത്തിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ദൗത്യത്തിൽ സഹകരിച്ചുവെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കയുടെ സേനാ പിന്മാറ്റം ഊർജിതമാക്കി. അമേരിക്കൻ സൈന്യം വിടുന്നതോടെ സർക്കാർ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് താലിബാൻ.