പാർട്ടി കോൺഗ്രസ്സ്; രാജ്യത്തിനും പാർടിക്കും വേണ്ടി ഒറ്റമനസ്സോടെ നിലകൊള്ളാൻ പ്രവർത്തകരോട്‌ ആഹ്വാനം ചെയ്‌ത്‌ ഷി ജിൻപിങ്‌

രാജ്യത്തിനും പാർടിക്കുംവേണ്ടി ഒറ്റമനസ്സോടെ നിലകൊള്ളാൻ പ്രവർത്തകരോട്‌ ആഹ്വാനം ചെയ്‌ത്‌ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി ജനറൽ സെക്രട്ടറി ഷി ജിൻപിങ്‌. ബീജിങ്ങിൽ ഞായറാഴ്ച ആരംഭിച്ച ഇരുപതാം പാർടി കോൺഗ്രസിന്റെ മൂന്നാം ദിനം ഗുവാങ്‌സി സ്വയംഭരണ പ്രദേശത്തുനിന്നുള്ള പ്രതിനിധികളുമായി പൊതുചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർടി കോൺഗ്രസ്‌ ചർച്ച ചെയ്‌ത്‌ അംഗീകരിക്കുന്ന റിപ്പോർട്ട്‌ പുതിയ കാലത്തേക്കുള്ള വഴികാട്ടിയാകണം. ഇതിനായി കഴിഞ്ഞ അഞ്ചുവർഷത്തെ പാർടിയുടെയും സർക്കാരിന്റെയും പ്രവർത്തനം സസൂക്ഷ്‌മം വിലയിരുത്തണം. സമ്മേളനം ലക്ഷ്യമിടുന്ന നവീകരണത്തിനും ആധുനിക സോഷ്യലിസ്‌റ്റ്‌ രാഷ്ട്രത്തിലേക്കുള്ള പരിവർത്തനത്തിനും ഓരോ പ്രവർത്തകർക്കും വലിയ പങ്ക്‌ വഹിക്കാനുണ്ട്‌. ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നേരിട്ടേക്കാവുന്ന വെല്ലുവിളികൾ ചെറുക്കാൻ രക്തപതാകയ്ക്കു കീഴിൽ കുന്തമുന പോലെ ഉറപ്പോടെ നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗുവാങ്‌സിയിൽനിന്നുള്ള അഞ്ച്‌ പ്രതിനിധികളാണ്‌ ചൊവ്വാഴ്ച ചർച്ചയിൽ പങ്കെടുത്തത്‌. അഴിമതി, ദാരിദ്ര്യം എന്നിവ ഇല്ലാതാക്കാനുള്ള സർക്കാർ പദ്ധതികൾ വിജയിപ്പിക്കാനായി ഗുവാങ്‌സി ഭരണനേതൃത്വവും പാർടിയും നടത്തിയ പ്രവർത്തനങ്ങളെയും ഷി അനുമോദിച്ചു.

ദേശീയ പുനരേകീകരണമെന്ന ലക്ഷ്യത്തിൽനിന്ന്‌ ചൈന പിന്നോട്ടില്ലെന്ന്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്‌ സിപിസി 20–-ാം പാർടി കോൺഗ്രസിൽ റിപ്പോർട്ട്‌ അവതരിപ്പിക്കവേ പ്രഖ്യാപിച്ചു. തയ്‌വാൻ പ്രശ്നം ചൈനക്കാർ പരിഹരിക്കേണ്ട വിഷയമാണ്. പുനരേകീകരണത്തിനായി സമാധാനപരമായ ചർച്ചകൾ ചൈന ആത്മാർഥമായി തുടരും. തയ്‌വാനുമായി സാമ്പത്തികവും സാംസ്കാരികവുമായ കൈമാറ്റങ്ങളും സഹകരണവും പ്രോത്സാഹിപ്പിക്കുന്നത് തുടരും. പുറത്തുനിന്നുള്ളവരുടെ ഇടപെടലുകൾ ഇക്കാര്യത്തിൽ അംഗീകരിക്കാനാകില്ല. പുനരൈക്യത്തിനായി ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളും. ഇതിനായി ബലപ്രയോഗം നടത്തില്ലെന്ന്‌ ഉറപ്പ്‌ നൽകാനാകില്ല. രാജ്യത്തിന്റെ സമ്പൂർണ പുനരേകീകരണം സാക്ഷാൽക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

243 അംഗ പ്രസീഡിയമാണ്‌ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്‌. 9.6 കോടി അംഗങ്ങളെ പ്രതിനിധീകരിച്ച്‌ 2926 പേരാണ്‌ സമ്മേളന പ്രതിനിധികൾ. ഇവരിൽ 771 പേർ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ള മുൻനിരപ്പോരാളികളാണ്‌. 619 സ്ത്രീകളും 40 ന്യൂനപക്ഷ വംശത്തെ പ്രതിനിധാനംചെയ്ത്‌ 264 പ്രതിനിധികളുമുണ്ട്‌. പ്രവർത്തന റിപ്പോർട്ട്‌ പ്രതിനിധികൾ ചർച്ച ചെയ്യും. 22ന്‌ (ശനിയാഴ്ച്ച) സമ്മേളനം സമാപിക്കും.