ഉക്രെയ്നിലെ തീരദേശ നഗരമായ മരിയുപോള്‍ പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം ആക്രമണം ശക്തമാക്കി. നാനൂറോളം പേർ അഭയാർഥികളായി കഴിഞ്ഞിരുന്ന മരിയുപോളിലെ സ്കൂൾ കെട്ടിടം റഷ്യൻ സൈന്യം ബോംബിട്ട് തകര്‍ത്തു. കെട്ടിടം പൂർണമായും തകർന്നു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ഉക്രെയ്ൻ അറിയിച്ചു. കഴിഞ്ഞ ദിവസം റഷ്യൻ ആക്രമണത്തിൽ തകർന്ന മരിയുപോളിലെ നാടകശാലയിലും നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുകയാണ്.
എന്നാല്‍ ആക്രമണം നടന്നുവെന്ന കാര്യത്തില്‍ മറ്റ് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വാര്‍ത്ത ഏജന്‍സികളുള്‍പ്പെടെ നല്‍കിയിട്ടില്ല. അതേസമയം മരിയുപോള്‍ പ്രദേശവാസികളെ റയില്‍ മാര്‍ഗം റഷ്യയിലേക്ക് അയച്ചതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ കൈവശമുള്ള പാസ്പോര്‍ട്ട് നശിപ്പിക്കുകയും രണ്ട് വര്‍ഷത്തേയ്ക്ക് രാജ്യം വിട്ട് പുറത്തുപോകാന്‍ കഴിയാത്ത രീതിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
25 ദിവസമായി തുടരുന്ന യുദ്ധത്തില്‍ 902 ഉക്രെയ്ന്‍ പൗരന്മാര്‍ കൊല്ലപ്പെടുകയും 1459 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുഎന്നിന്റെ മനുഷ്യാവകാശ വിഭാഗം (ഒഎച്ച്സിഎച്ച്ആര്‍) അറിയിച്ചു. വ്യോമാക്രമണത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിനേക്കാള്‍ വളരെ വലുതായിരിക്കുമെന്നും ഒഎച്ച്സിഎച്ച്ആര്‍ അറിയിച്ചു.






