‘ആർക്കും ബാധ്യതയാകാതിരിക്കാൻ ഇഷ്ടപ്പെട്ടിട്ടും നോ പറയേണ്ടി വന്ന സിനിമകളുണ്ട്’: ഷറഫുദ്ദീന്‍

ഇഷ്ടപ്പെട്ടിട്ടും നോ പറയേണ്ടി വന്ന സിനിമകളുണ്ടെന്ന് നടന്‍ ഷറഫുദ്ദീന്‍. അത് ആ സിനിമകള്‍ മോശമായതുകൊണ്ടല്ലെന്നും താന്‍ ആ ചിത്രത്തിന് ചേരില്ല എന്ന് തോന്നിയതുകൊണ്ടാണെന്നും താരം പറഞ്ഞു. പ്രിയന്‍ ഓട്ടത്തിലാണ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നോ പറയാന്‍ മടിയുള്ളതുകൊണ്ട് ചില സിനിമകള്‍ പോസ്റ്റാവാറുണ്ട്. എനിക്ക് ഇഷ്ടമായ സിനിമകള്‍, അല്ലെങ്കില്‍ നല്ല സിനിമകള്‍ എന്ന് തോന്നിയിട്ട് ചെയ്യാതിരുന്ന സിനിമകളുണ്ട്. മോശം സിനിമ ആയതുകൊണ്ടല്ല. സസ്‌പെന്‍സ് കഥാപാത്രമാണെങ്കില്‍ ഞാന്‍ ചെയ്താല്‍ അത് ആ സിനിമക്ക് ഒരു ബാധ്യതയാവും. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ അത് പറഞ്ഞുമാറാറുണ്ട്. ചിലപ്പോള്‍ സ്വന്തമായി താല്‍പര്യങ്ങളുണ്ടാവാറുണ്ടല്ലോ. എന്റെ ഇഷ്ടത്തിനാണ് ഞാന്‍ വില കൊടുക്കുന്നത്. എനിക്ക് ഇഷ്ടമില്ലെങ്കില്‍ അത് നൈസായി പറയും.

ജൂണ്‍ 24നാണ് പ്രിയന്‍ ഓട്ടത്തിലാണ് റിലീസ് ചെയ്യുന്നത്. ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നൈല ഉഷ, അപര്‍ണ ദാസ് എന്നിവരാണ് നായകമാര്‍. ബിജു സോപാനം, ഹക്കിം ഷാജഹാന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, സ്മിനു സിജോ, ഹരിശ്രീ അശോകന്‍, ഷാജു ശ്രീധര്‍, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, കൂക്കില്‍ രാഘവന്‍, ഹരീഷ് പെങ്ങന്‍, അനാര്‍ക്കലി മരയ്ക്കാര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.